Monday 12 November 2018

എഴുത്തുകാരി


ഞായറാഴ്ച്ച ആയതുകൊണ്ട് തന്നെ മൊഫൈലും പിടിച്ച് പതിവുപോലെ ഉമ്മറത്തെ കസേരയിൽ വന്നിരുന്നു…. എഴുത്ത് തലയ്ക്ക് പിടിച്ചിട്ടൊന്നുമല്ലഎന്നാലും എന്തൊക്കെയോ കാച്ചി കുറുക്കാൻ മനസ് കിടന്ന് ശ്വാസം മുട്ടുക്കുന്നതുപോലെ….

ബേപ്പൂർ സുൽത്താൻ അദ്ദേഹത്തിന്റെ ഒട്ടുമിക്ക ജീവിതഗന്ധിയായ കഥകളും എഴുതി തുടങ്ങിയത് ഇതുപോലെ ഉമ്മറത്തെ ഒരു ചാരുകസേരയിൽ ഇരുന്നിട്ടാണെന്ന് ഓർക്കുമ്പോ ഒരു ആശ്വാസം….

ആശ്വാസത്തെ മനസ്സ് കൊണ്ട് പുണർന്ന്…. എന്തെഴുതണം എന്ന ചിന്ത, എന്നിലെ ഇന്നലകളെ ഉണർത്തി…. ഇന്നലകളെ സ്മരിക്കുക…. ഒരു നല്ല കാര്യം തന്നെയാണ്പെട്ടെന്നൊരു ദിവസം സടകുടഞ്ഞെഴുന്നേറ്റ് എഴുതാൻ മാത്രം ഞാൻ ബുദ്ധനൊന്നും അല്ലല്ലോ….

അപ്പൊപ്പിന്നെ ആദ്യത്തെ എഴുത്തിനെ കുറിച്ച് തന്നെയാവട്ടെ ഇന്നത്തെ സ്മരിക്ക ….

അങ്ങനെ എന്നെ LP സ്കൂളിൽ നിന്നും UP സ്കൂളിലേക്ക്, ഞങ്ങളുടെ കോട്ടക്കലിന്റെ അഭിമാനമായ രാജാസിലേക്ക് ചേർത്തു…. രാജാക്കൻമാരുടെ ഗുരുകുലത്തിൽ പഠിക്കാൻ കഴിഞ്ഞതും, ഏറ്റവും അടുത്ത കൂട്ടുകാരി സാന്ദ്രയുടെ ക്ലാസിൽ ആദ്യത്തെ ബെഞ്ചിൽ തന്നെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞതും എന്റെ സന്തോഷത്തെ ഇരട്ടിപ്പിച്ചു

അങ്ങനെ ഒരു മഴക്കാലത്ത് എന്റെ UP സ്കൂൾ ജീവിതം തുടങ്ങി…..

ക്ലാസിലേക്ക് കടന്നു വന്ന അദ്ധ്യാപകർ ഞങ്ങളിൽ ഒളിഞ്ഞ് കിടന്ന കലകളെ ഉണർത്തി കടന്നു പോയി….

സ്വന്തമായി രചിച്ച കവിത ചൊല്ലി ക്ലാസിലെ ഒരു പെൺകിടാവ് കൈയ്യടി നേടിയപ്പോൾ..

എനിക്കും ഒരാഗ്രഹം കൈയ്യടി നേടാൻ…. രോഗി ഇച്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ എന്നോണ്ണം, മഴയേ കുറിച്ച് എല്ലാവരോടും കവിത എഴുതി കൊണ്ടുവരാൻ മലയാളം അദ്ധ്യാപിക പറഞ്ഞ നിമിഷം മനസ് തുള്ളിക്കളിക്കുകയായിരുന്നു

അങ്ങനെ ആദ്യമായി ഞാനും എഴുതി മഴയെ കുറിച്ച് ഒരു കവിത

പിറ്റേ ദിവസം ,കവിത കേൾപ്പിപ്പ് കൈയ്യടി നേടാലോ എന്ന സന്തോഷത്തിൽ ഇത്തിരി നേരത്തെ തന്നെ ക്ലാസിലെത്തിഒരായിരം തവണ മനസ്സിൽ ചൊല്ലി ഉറപ്പിച്ച്, അദ്ധ്യാപികയുടെ വരവിനായി കണ്ണും നട്ട് വരാന്തയിലേക്ക് നോക്കിയിരിരുന്നു

വെള്ളയിൽ നീല വലിയ പൂക്കളോട് കൂടിയ സാരി ഉടുത്ത് ക്ലാസിലേയ്ക്ക് കയറി വന്ന അദ്ധ്യാപികയുടെ മുഖം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു…..

എല്ലാവരേയും താൻ ഇരിക്കുന്ന സ്ഥലത്തേയ്ക്ക് വിളിപ്പിച്ച് ,,നോട്ടുപുസ്തകത്തിലെ മഴയെ കുറിക്കുന്ന കവിതയിൽ നീട്ടി ശരിയിട്ട് അഭിനന്ദിക്കുന്ന ടീച്ചർ തകർത്ത് കളഞ്ഞത് എന്റെ സ്വപ്നത്തെ ആണ്.. കൈയ്യടി നേടി വലിയ കവിയത്രി ആവണമെന്നുള്ള എന്റെ ആഗ്രഹത്തെയും…….

പിന്നീടൊരിക്കൽ ക്ലാസിൽ , ഞാൻ എഴുതിയ കവിതയുമായി നിന്ന എന്നെ അവകാശ തർക്കങ്ങളുമായി വന്ന് , വാക്കെന്ന അമ്പാൽ തകർത്തെറിഞ്ഞത് എന്റെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു

പിന്നെ അങ്ങോട്ടുള്ള എഴുത്തുകൾ എല്ലാം മറ്റുള്ളവർക്ക് വേണ്ടിയായിരുന്നു….പുറം ലോകം കാണിക്കാതെ ഒളിപ്പിച്ച് വെച്ച എന്റെ വരികൾ മറ്റുള്ളവരുടെ പേരിൽ വെളിച്ചം കണ്ടപ്പോഴും എനിക്ക് സന്തോഷമായിരുന്നു ….. പല കോളേജ് മാഗസിനിലും എന്റെ പേരിന്റെ സ്ഥാനത്ത് മറ്റുള്ളവരുടെ പേര് അച്ചടിച്ച് വന്നപ്പോഴുംസ്വന്തം കുഞ്ഞിനെ അമ്മയ്ക്കറിയാലോഎന്ന് പറഞ്ഞ് സ്വയം ആശ്വസിച്ചുഅങ്ങനെ എത്രയോ അനുഭവങ്ങൾ….


എന്റെ ഡയറിക്കുള്ളിൽ മറ്റാരും കാണാതെ ഒളിപ്പിച്ച് വച്ച, എന്റെ എഴുത്തുകൾക്ക് ജീവൻ ഉണ്ടായിരുന്നെങ്കിൽ അവ പറയുമായിരുന്നു ….. അക്ഷരങ്ങളെ പ്രണയിച്ച ഒരു ബാല്യത്തിന്റെ നനവുള്ളകഥകൾ……..

No comments:

Post a Comment